ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ആധുനികകാലഘട്ടത്തിനു മുമ്പ് ദേവസ്വം, ബ്രഹ്മസ്വം എന്നിവയുടെ മേധാവിത്വമായിരുന്നു ഭുവുടമാരംഗത്ത് നിലനിന്നിരുന്നത്. 90 ശതമാനം ഭൂസ്വത്തുക്കളും ചാഴൂര്‍ കോവിലകം, എടക്കുന്നിവാരിയം, മഴുവഞ്ചേരി - തിട്ട- ചിറ്റൂര്‍ എന്നീ മനകള്‍, ചേറക്കുളത്തെ ഭട്ടിതിരി എന്നീ ജന്മികുടുംബങ്ങളും; പഴുവില്‍ തിരുവാണിക്കടവ്, പഴയന്നൂര്‍ ഭഗവതി, പാറക്കുളങ്ങര എന്നീ ദേവസ്വങ്ങളും കൈവശപ്പെടുത്തി വച്ചിരിക്കുകയായിരുന്നു. തിരുവിതാംകുര്‍, മലബാര്‍ എന്നീ നാട്ടുരാജ്യങ്ങളിലേതിനേക്കാള്‍ ഇവിടങ്ങളിലുള്ള കുടിയാന്‍മാര്‍ക്ക് കൂടുതല്‍ ആനുകുല്യങ്ങള്‍ ലഭിച്ചിരുന്നുവത്രെ. 20-ാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിലാകട്ടെ ചില ഭൂപ്രഭുക്കളുടെ അധീനതയിലായിരുന്നു ചാഴൂര്‍ പ്രദേശത്തെ ഭൂരിഭാഗം കൃഷിഭൂമിയും. പുരാതനമായ പഴുവില്‍പള്ളിയുടെ വകയായും വിശാലമായ കൃഷിഭൂമികള്‍ ഉണ്ടായിരുന്നു. ഏകദേശം 25000 പറയ്ക്ക് കോള്‍കൃഷി ചെയ്തുവന്നിരുന്നു. കുറ്റിയും പിടലയും ഉപയോഗിച്ച് വരമ്പു പിടിപ്പിച്ച് ജലചക്രം കൊണ്ട് വെള്ളം വറ്റിച്ചാണ് അക്കാലത്ത് കൃഷി ചെയ്തിരുന്നത്. വെള്ളം വറ്റിക്കാന്‍ പില്‍കാലത്ത് കരിയെഞ്ചിന്‍ ഉപയേഗിച്ചുതുടങ്ങി. എങ്കിലും ഇലചക്രങ്ങളുപയോഗിച്ചാണ് വെള്ളത്തിന്റെ അളവ് നിയന്ത്രിച്ചിരുന്നത്. കാലാവസ്ഥയുമായി ഒരു ഭാഗ്യപരീക്ഷണമായിരുന്നു അക്കാലത്തെ കൃഷി. മടവീഴ്ച, പുഴുക്കേട്, ഉണക്കം, അപൂര്‍വ്വം ചില ഘട്ടങ്ങളില്‍ വെള്ളപ്പൊക്കം എന്നിങ്ങനെയുള്ള ദുരിതങ്ങള്‍കൊണ്ട് കൃഷക്കാര്‍ നിരാശരായിരുന്നു. 8 മുതല്‍ 15 വരെ വിളവു മാത്രമെ കിട്ടിയിരുന്നുള്ളു. എന്നാല്‍ അക്കാലത്ത് പാടങ്ങളില്‍ ധാരാളം എക്കല്‍ വന്നടിയുന്നതിനാല്‍ കൃഷിഭൂമി ഫലഭൂയിഷ്ഠവുമായിരുന്നു. അണക്കെട്ടുകള്‍ വന്നതോടെ എക്കല്‍വരവും നിലച്ചു. 1950-കളില്‍ കുട്ടൂകൃഷിയ്ക്കുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. 818 പടവിന്റെ ഭാഗങ്ങളില്‍ വ്യക്തിഗത കൂട്ടുകൃഷി തുടങ്ങി. ഈ കാലഘട്ടത്തില്‍ തന്നെയാണ് ജന്‍മി-കുടിയാന്‍ ബന്ധങ്ങളില്‍ കൃഷിക്കാര്‍ക്കനുകൂലമായ മാറ്റങ്ങള്‍ക്കു വേണ്ടി കര്‍ഷകസമരങ്ങള്‍ നടന്നത്. ജന്മിത്തം അതിന്റെ എല്ലാ ദുഷ്ടതയോടുംകൂടി കൊടികുത്തിവാണിരുന്ന ഒരു വ്യവസ്ഥിതിയായിരുന്നു അതിനു മുമ്പുണ്ടായിരുന്നത്. ജന്മിമാര്‍ക്ക് ഭീമമായ പാട്ടം നല്‍കിയതിനു ശേഷം അടിമകളേപ്പോലെ ജീവന്‍ നിലനിര്‍ത്തിക്കൊണ്ട് കഴിച്ചുകൂട്ടേണ്ടിവന്ന കുടിയാന്മാരുടെ സ്ഥിതി പരമദയനീയമായിരുന്നു. പ്രകൃതിക്ഷോഭത്താല്‍ കൃഷി നശിച്ചാല്‍ പോലും പാട്ടബാക്കിയുടെ പേരില്‍ നിലം ഒഴിഞ്ഞുകൊടുക്കേണ്ടി വരുന്ന ദു:സ്ഥിതി വളരെക്കാലം നിലനിന്നിരുന്നു. 1970-കളോടെ ഭൂപരിഷ്കരണനിയമപ്രകാരം കൃഷിക്കാര്‍ തന്നെ കൃഷിഭൂമിയുടെ ഉടമസ്ഥരായി തീര്‍ന്നു. 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ് തെങ്ങുകൃഷി വിപുലമായി തുടങ്ങിയത്. തേങ്ങയ്ക്കും കള്ളിനും ചക്കരക്കും വേണ്ടി വ്യാപകമായി തെങ്ങുകൃഷി വിപുലമാക്കപ്പെട്ടു. 1940-കളില്‍ ചെത്തുതൊഴിലാളികള്‍ സംഘടനാപരമായ പ്രവര്‍ത്തനം ആരംഭിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് ഭക്ഷ്യക്ഷാമമുണ്ടായപ്പോള്‍ കപ്പ, മധുരക്കിഴങ്ങ്, എള്ള്, മുതിര, കഞ്ഞിപ്പുല്ല് തുടങ്ങിയ വിളകള്‍ കൃഷി ചെയ്തിരുന്നു. കോള്‍ നിലങ്ങള്‍ ഉപയോഗപ്പെടുത്തി കന്നുകാലികളെ വ്യാപകമായി വളര്‍ത്തിവന്നു. 1957-ല്‍ അവതരിപ്പിച്ച ഭൂപരിഷ്ക്കരണനിയമം പൂര്‍ണ്ണമായും നടപ്പിലായത് 1970-കളിലായിരുന്നു. മൊത്തം ജനങ്ങളില്‍ 70 ശതമാനത്തോളം കര്‍ഷകത്തൊഴിലാളികളും അവരില്‍ 50 ശതമാനം ദരിദ്ര ഇടത്തരം കൃഷിക്കാരുമായിരുന്നു. കേരളമൊട്ടാകെ പരിവര്‍ത്തനമുണ്ടാക്കിയ ഭൂപരിഷ്ക്കരണനിയമം ഈ പഞ്ചായത്തുപ്രദേശത്തും ഒരു നവോത്ഥാനം കൈവരുത്തി. തിരുവിതാംകൂര്‍ ക്ഷേത്രപ്രവേശനവിളംബരത്തെ തുടര്‍ന്ന് കൊച്ചിയിലും അവര്‍ണ്ണര്‍ക്ക് ക്ഷേത്രപ്രവേശനസ്വാതന്ത്യ്രം നിലവില്‍ വന്നു.തത്ഫലമായി ചാഴൂര്‍ പഞ്ചായത്തിലും അതിന്റെ അലയടികള്‍ ഉണ്ടായി. ശ്രീനാരയണഗുരുവിന്റെ പിന്‍ഗാമി എന്നറിയപ്പെട്ട ശ്രീബോധാനന്ദ സ്വാമികള്‍ ചിറക്കല്‍ ഇഴുവില്‍ പറമ്പില്‍ കുടുംബാംഗമായിരുന്നു. ശ്രീനാരായണഭക്തനായ കണ്ണോളി മാധവന്‍ മാസ്റ്റര്‍ ഉന്നതവിദ്യാഭ്യാസം നേടിയതിനുശേഷം സര്‍ക്കാരുദ്യോഗം സ്വീകരിക്കാതെ വിദ്യകൊണ്ട് പ്രബുദ്ധരാകുക എന്ന ഗുരുദേവസന്ദേശം സാക്ഷാത്ക്കരിക്കാന്‍ വേണ്ടി സ്വന്തമായി ആരംഭിച്ച വിദ്യാലയമാണ് കുറുമ്പിലാവ് ശ്രീബോധാനന്ദ ഹൈസ്ക്കൂള്‍.ശ്രീനാരായണഗുരുദേവന്റെയും അദ്ദേഹത്തിന്റെ ശിഷ്യനായ ശ്രീബോധാനന്ദസ്വാമികളുടേയും ആദര്‍ശങ്ങളും പ്രവര്‍ത്തനങ്ങളും വിദ്യാഭ്യാസത്തിന്റെ വളര്‍ച്ചയിലും വിദ്യാലയങ്ങളുടെ സ്ഥാപനത്തിലും വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ഇന്നു നിലവിലുള്ള മിക്കവാറും എല്ലാ വിദ്യാലയങ്ങളും സ്വാതന്ത്ര്യപ്രാപ്തിക്കുമുമ്പുതന്നെ നിലവില്‍ വന്നിരുന്നു. എന്നാല്‍ ഹൈസ്കൂളുകളെല്ലാം യു.പി.സ്കൂളുകളായാണ് ആരംഭിച്ചത്. 1949-ല്‍ അപ്ഗ്രേഡ് ചെയ്ത സ്വാമിബോധാനന്ദഹൈസ്കുളാണ് പഞ്ചായത്തിലെ ആദ്യഹൈസ്കൂള്‍. സുശീലഗോപാലന്‍ (എ.കെ.ജിയുടെ സഹധര്‍മ്മിണി) ഈ പ്രദേശത്തെ ചിറക്കല്‍ കണ്ണോളി തറവാട്ടിലെ വേലുക്കുട്ടിയുടെ മകളാണ്. ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയിലെ അംഗമായിരുന്ന പി.കെ.ചാത്തന്‍മാസ്റ്റര്‍ കുറുമ്പിലാവ് ജി.എല്‍.പി.സ്കൂളില്‍ ജോലി ചെയ്യുന്ന കാലത്താണ് പട്ടികജാതിക്കാരുടെ അവകാശങ്ങള്‍ക്കു വേണ്ടി തന്റെ ഉദ്യോഗം ഉപേക്ഷിച്ചത്. ബാലചിത്രരചനാ മത്സരത്തില്‍ കേരളത്തില്‍ ഒരു വലിയ സംരംഭം തുടങ്ങിവെച്ച കോഴിക്കോട് യൂണിവേഴ്സല്‍ ആര്‍ട്ട്സ് സ്ഥാപകനും അധ്യാപക അവാര്‍ഡു നേടിയ വ്യക്തിയുമായ കെ.പി.ആന്റണി മാസ്റ്റര്‍ ചിറക്കല്‍ കാരാത്ര കുടുംബാഗമായിരുന്നു. ചിറക്കല്‍ പ്രദേശത്ത് സ്ത്രീകളെ സംഘടിപ്പിച്ച് ആദ്യമായി ഒരു മഹിളാസമാജം സ്ഥാപിച്ചത് ഇഴുവന്‍ പറമ്പില്‍ ലക്ഷ്മി മിസ്ട്രസ്സായിരുന്നു. തൃശൂര്‍ ജില്ലയില്‍ ആദ്യമായി മിച്ചഭൂമിസമരം നടന്നത് ഈ പഞ്ചായത്തിലെ പുള്ള് പ്രദേശത്താണ്. ഈ പ്രദേശം ഒട്ടാകെ ഒരു ജന്മി (ചേലൂര്‍മന) കൈവശമാക്കി വച്ചിരിക്കുകയായിരുന്നു. വിജയകരമായ ഈ സമരത്തിന്റെ ഫലമായി അവിടെയുള്ള എല്ലാ ഭൂരഹിതര്‍ക്കും സ്വന്തമായി കുടികിടപ്പും കൃഷിഭൂമിയും ലഭിച്ചു.പട്ടികജാതിക്കാരുടെ അവകാശത്തെക്കുറിച്ചുള്ള അവബോധം മുന്നിട്ടു നില്‍ക്കുന്ന ഒരു പ്രദേശമാണിത്. ക്രിസ്തുവര്‍ഷം ഒമ്പതാംശതകത്തിന്റെ അന്ത്യഘട്ടത്തില്‍ സ്ഥാപിതമായ പഴയൂര്‍ (പഴുവില്‍) ഫൊറോന പള്ളി ഈ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. മലയാളഭാഷയില്‍ കവിതകളും വ്യാകരണഗ്രന്ഥവും എഴുതി ലോകപ്രശസ്തി നേടിയ വിദേശ മിഷനറി അര്‍ണ്ണോസ്പാതിരി അന്ത്യവിശ്രമം കൊള്ളുന്നത് ഇവിടെയാണ്. വിശുദ്ധ അന്തോണീസിന്റെ നാമധേയത്തിലെ ഇന്ത്യയിലെ ആദ്യത്തെ പള്ളിയും ഇതാണ്. ഈ പള്ളിയുടെ കീഴിലുള്ള വിശുദ്ധ അന്തോണീസിന്റെ കപ്പേളയിലെ തിരുനാള്‍ ആഘോഷം ഈ പഞ്ചായത്തിലെ പ്രധാന ആഘോഷങ്ങളില്‍ ഒന്നാണ്. പഴുവിന്‍ പാലത്തിനടുത്തായി വാത്താട്ട് പറമ്പ് എന്ന സ്ഥലത്താണ് പള്ളി സ്ഥിതി ചെയ്യുന്നത്. കലിയുഗത്തില്‍ നിര്‍മ്മിക്കപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്ന പഴുവില്‍ സുബ്രഹ്മണ്യക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവം ഈ പഞ്ചായത്തിലെ ഒരു പ്രധാന ആഘോഷമാണ്. പഞ്ചായത്തിലെ ഏറ്റവും പ്രസിദ്ധമായ ക്രിസ്ത്യന്‍ പള്ളി അര്‍ണ്ണോസ് പാതിരിയെ അടക്കം ചെയ്തിട്ടുള്ള പഴുവില്‍ പള്ളിയാണ്. 10 ഏക്കര്‍ സ്ഥലത്ത് സ്ഥിതിചെയ്യുന്ന പ്രധാനപ്പെട്ട ഒരു മുസ്ളീം പള്ളിയാണ് ചിറക്കലുള്ളത്.